05:59pm 04 September 2026
NEWS
മദ്യലഹരിയിൽ രാത്രിയിൽ യുവതിയുമായി വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത സഹോദരിയെ വെട്ടിയ യുവാവ് അറസ്റ്റിൽ

21/02/2025  03:34 PM IST
nila
മദ്യലഹരിയിൽ രാത്രിയിൽ യുവതിയുമായി വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത സഹോദരിയെ വെട്ടിയ യുവാവ് അറസ്റ്റിൽ

കോട്ടയം: സഹോദരിയെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (27) ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ രാത്രിയിൽ യുവതിയുമായി വീട്ടിലെത്തിയതിനെ സഹോദരി ചോദ്യം ചെയ്താണ് പ്രകോപനത്തിന് പിന്നിൽ. ആക്രമിച്ചതിനുശേഷം പ്രതി വീട്ടിൽനിന്ന്‌ ഒളിവിൽ പോവുകയായിരുന്നു. വീടിനടുത്തുള്ള ഒരു റബ്ബർത്തോട്ടത്തിനുള്ളിൽ ഒളിച്ചിരിക്കെയാണ് ഇയാളെ തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയാണ് ഇയാൾ സഹോദരിയെ ആക്രമിച്ചത്. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറിൽനിന്ന്‌ മദ്യപിച്ച്‌ ലക്കുകെട്ടാണ് ഇയാൾ വീട്ടിലെത്തിയത്. ഒപ്പമുള്ള യുവതിയെ രാത്രി വീട്ടിൽ താമസിപ്പിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എതിർത്ത സഹോദരിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. 

ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തുകേസിൽ പ്രതിയുമാണ്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തുകേസുകൾ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്തുവെച്ച് ഇയാളെ 22 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായിട്ടുണ്ട്. ആറുമാസം റിമാൻഡിലായിരുന്ന ഇയാൾ രണ്ടുമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ഇയാൾ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്. തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img